തിരുവനന്തപുരം: പതിമ്മൂന്ന് വർഷം മുമ്പ് പ്രൈമറി ക്ളാസിലെ പാഠാവലിയിൽ നിന്ന് ഒഴിവാക്കിയ മലയാളം അക്ഷരമാല തിരിച്ചെത്തുന്നു. 2023-24 അദ്ധ്യയന വർഷം മുതൽ പാഠപുസ്തകത്തിൽ അക്ഷരമാല ഉണ്ടാവുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. 2009ലെ പാഠ്യപദ്ധതി പരിഷ്കരണത്തിലാണ് അക്ഷരമാലയെ പുറത്താക്കിയത്. 2013ലെ പരിഷ്കരണത്തിലും അവഗണിച്ചു.
മലയാള അക്ഷരങ്ങൾ ക്രമമായി പറയാൻപോലും കുട്ടികൾ മറന്നു.
ഭാഷാസ്നേഹികളും സാഹിത്യകാരന്മാരും ഇതിനെതിരെ രംഗത്തുവരുകയും നിയമസഭയിലടക്കം വിമർശനം ഉയരുകയും ചെയ്തതോടെയാണ് പുതിയ പാഠ്യപദ്ധതി വരുമ്പോൾ അക്ഷരമാല ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ചില്ലക്ഷരങ്ങൾ ഉൾപ്പെടെ 56 അക്ഷരങ്ങൾ അക്ഷരമാലയിലുണ്ടാവും. പുതിയ അദ്ധ്യയന വർഷത്തെ പാഠപുസ്തകം അച്ചടി പൂർത്തിയായതിനാലാണ് ഒരു വർഷം കാത്തിരിക്കേണ്ടിവരുന്നത്. അക്ഷരം പഠിച്ചശേഷമല്ല വാക്കുകൾ പഠിക്കേണ്ടതെന്ന വാദം ഉയർത്തിയായിരുന്നു അന്ന് വിലക്കേർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |